കൈയ്യില്‍ മോഹവില വച്ചുതരുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍

നാളികേരത്തില്‍ നിന്നും വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേങ്ങാപ്പാല്‍ പൊടി തുടങ്ങി വിവിധതരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുകയും ദേശത്തും വിദേശത്തും വിപണനം നടത്തുകയും ചെയ്യുന്നതില്‍ മലയാളികള്‍ പങ്കാളികളായി തുടങ്ങിയിച്ച് കാലമേറയായി. എന്നാല്‍, 45 ലേറെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതയും കൈയ്യില്‍ മോഹവില വച്ചുതരാന്‍ ശേഷിയുള്ളതുമായ “ഉരുക്കെണ്ണ” അഥവാ “വെര്‍ജിന്‍ കോക്കനട്ട് ഓയില്‍” ന്റെ വിപണന സാധ്യതയെപ്പറ്റി എത്രപേര്‍ക്ക് ധാരണയുണ്ട് ?

കഴിഞ്ഞ ഏതാനും വര്‍ഷള്‍ കൊണ്ട് അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ജര്‍മ്മനി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വാണിജ്യ സാധ്യത കൈവരിച്ച വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ മാര്‍ക്കറ്റില്‍ പ്രീമിയം ഉത്പന്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ലിറ്ററിന് ശരാശരി 450 രൂപ ഇന്ത്യയില്‍ ലഭിക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ഏകദേശം 30 ഡോളര്‍ (രണ്ടായിരത്തോളം രൂപ) വില ലഭിക്കുന്നു.

വെര്‍ജിന്‍ വെളിച്ചെണ്ണ ശ്രദ്ധനേടുന്നതെന്തുകൊണ്ട്?

സൗന്ദര്യവര്‍ദ്ധക ഓയിലുകള്‍, ക്രീമുകള്‍, മസാജ് ഓയിലുകള്‍, ഷാംപൂ, ലോഷന്‍ എന്നിങ്ങനെ നിരവധി വസ്തുക്കളാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. സാധാരണ വെളിച്ചെണ്ണയെ അപേക്ഷിച്ച് പോഷക കലവറ കൂടിയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ഭക്ഷ്യ ആവശ്യങ്ങള്‍ക്കും വെര്‍ജിന്‍ ഓയില്‍ ഉപയോഗിക്കുന്നു. വിവിധ വിറ്റാമിനുകളും, ധാതുക്കളും തുടങ്ങി സാധാരണ വെളിച്ചെണ്ണയില്‍ ലഭ്യമല്ലാത്ത ആന്റി ഓക്‌സിഡന്റ് (നിരോക്‌സീകാരി), മീഡിയം ചെയിന്‍ ഫാറ്റി ആസിഡും വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. വെർജിന്‍ ഓയിലിന്റെ സ്വാദും മണവും മികച്ചതാണെന്നും വിലയിരുത്തുന്നു. മാത്രമല്ല, ഹൃദയം, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ വെര്‍ജിന്‍ ഓയില്‍ സഹായിക്കുമെന്നും നിരീക്ഷിച്ചിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ മറ്റേത് എണ്ണകളെ അപേക്ഷിച്ച് ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്.

നാളികേരം ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ നിര്‍മ്മിക്കുന്നതിന് പകരമായി തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്ത് തിളപ്പിച്ച് ഉരുക്കെണ്ണ തയ്യാറാക്കുന്ന രീതി കേരളത്തില്‍ പരമ്പരാഗതമായുണ്ട്. സമാനമായ രീതിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി തയ്യാറാക്കാമെങ്കിലും ചൂടാക്കിയാല്‍ പോഷക ഗുണം നഷ്ടമാകുമെന്നതിനാല്‍ ചൂടാക്കാതെ തന്നെ എണ്ണ വേര്‍തിരിക്കുന്ന ”കോള്‍ഡ് പ്രസ്സിംഗ് ” എന്ന രീതിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വെര്‍ജിന്‍ ഓയിലിന്റെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. തേങ്ങാപ്പാല്‍ വേര്‍ചിരിച്ചെടുത്തതിന് ശേഷം വരുന്ന നാളികേരാവശിഷ്ടം പൗഡര്‍ രൂപത്തിലേക്ക് മാറ്റിയെടുത്ത് വിപണനം ചെയ്യുന്നു.

സംരംഭ സാധ്യത കേരളത്തില്‍

രാജ്യാന്തര വിപണിയിലേക്ക് വളരെയേറെ ആവശ്യക്കാരുള്ള വെര്‍ജിന്‍ ഓയില്‍ തയ്യാറാക്കി വിപണനം നടത്തുന്നതില്‍ ഫിലിപ്പീന്‍സ് ആണ് മുന്‍പന്തിയില്‍. പുറകിലുള്ള ഇന്തോനേഷ്യ, ശ്രീലങ്ക, മ്യാന്മര്‍ എന്ന രാജ്യങ്ങള്‍ക്ക് ശേഷമുള്ള സ്ഥാനമാണ് ഇന്ത്യയ്ക്ക് നിലവില്‍ കരസ്ഥമാക്കാനായിട്ടുള്ളത്. നാളികേര സംഭരണം ഉയര്‍ന്ന തോതിലുണ്ടായിട്ട് പോലും കേരളത്തില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ മാത്രമാണ് വെര്‍ജിന്‍ ഓയില്‍ ഉത്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നത്.

നാളികേര വികസന ബോര്‍ഡ്, Central Plantation Crops Research Institute, Central Food Technological Research Institute എന്നിവ നല്‍കുന്ന സാങ്കേതിക സഹായവും നാളികേര വികസന ബോര്‍ഡ് നല്‍കുന്ന സാമ്പത്തിക പിന്തുണയും ഉപയോഗപ്പെടുത്തി കേരളത്തിലും  വെര്‍ജിന്‍ ഓയില്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കാവുന്നതാണ്. യൂണിറ്റുകളുടെ ഉത്പാദനശേഷി അനുസരിച്ചാണ് സംരഭത്തില്‍ നിക്ഷേപം നടത്തേണ്ടത്. കൂടുതല്‍ ഉത്പാദനത്തിനായുള്ള യൂണിറ്റുകള്‍ക്ക്  അധിക നിക്ഷേപവും ഉത്പാദനശേഷി കുറഞ്ഞ ചെറിയ യൂണിറ്റുകള്‍ അത്രതന്നെ മുതല്‍മുടക്കില്ലാതെ ആരംഭിക്കാവുന്നതാണ്.

പാലക്കാട് ജില്ലയില്‍ ആലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന “പവിത്ര കേര പ്രൊഡക്ട്‌സ്” എന്ന സ്ഥാപനം പ്രതിദിനം 500 ലിറ്റര്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. “ഉത്പാദനശേഷി കണക്കാക്കി, ആവശ്യക്കാരേറെയുള്ള വിപണികളിലേക്ക് (രാജ്യത്തിനകത്തും പുറത്തും) വെര്‍ജിന്‍ വെളിച്ചെണ്ണ കയറ്റി അയക്കാന്‍ സാധിച്ചാല്‍ നല്ല രീതിയില്‍ മുന്നേറാന്‍ കഴിയുന്ന വ്യവസായമാണ്” ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സ്ഥാപനത്തിന്റെ സ്ഥാപകനായ അജിത് കുമാറിന്റെ അഭിപ്രായപ്പെട്ടു. കേരനിധി എന്ന പേരില്‍ വിപണിയില്‍ വെര്‍ജിന്‍ ഓയില്‍ എത്തിക്കുന്ന സ്ഥാപനം വിവിധ ഏജന്‍സികളും ഇടനിലക്കാരും മുഖേന അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെര്‍ജിന്‍ ഓയില്‍ ഉത്പാദിപ്പിച്ച് കയറ്റിവിടുന്നുണ്ട്.

സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി അജിത് കുമാറിനെ വിളിക്കാം (9847038364).

Also Read: ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ