യവത്മല്‍ കര്‍ഷക മരണം: ഇരകളെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയോ?

“കൃഷിയ്ക്കായി ചെലവഴിച്ച പണം തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് കര്‍ഷകര്‍, 25 രൂപയ്ക്ക് ഒരു ടാങ്ക് കീടനാശിനി തളിച്ചുകൊടുക്കുന്നവരാണ് മരണപ്പെട്ട തൊഴിലാളികളില്‍ പലരും. കീടനാശിനി ഉപയോഗത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ധാരണാക്കുറവും സംഭവത്തിന് കാരണമായി കണക്കാക്കാവുന്നതാണ് എന്നാല്‍ തൊഴിലാളികളും കര്‍ഷകരും മദ്യപരാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നുമുള്ള കുറ്റപ്പെടുത്തല്‍ രീതികള്‍ ശരിയല്ല.” – കവിത കരുഗന്ധി, സാമൂഹിക പ്രവര്‍ത്തക

മഹാരാഷ്ട്രയിലെ യവത്മല്‍ (Yavatmal) ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കീടനാശിനി ശ്വസിച്ച് 20 കര്‍ഷകര്‍ മരണപ്പെടുകയും നൂറുകണക്കിന് കര്‍ഷകര്‍ വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ പ്രദേശത്തെ പരുത്തികൃഷിയില്‍ തളിച്ച കീടനാശിനി ശ്വസിച്ചതാണ് കര്‍ഷകരുടെ മരണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി കണക്കാക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമേധയാ നടപടി സ്വീകരിച്ച് ഈ വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രകാര്‍ഷിക മന്ത്രാലയത്തിനും നോട്ടീസയച്ചു. ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് യവത്മല്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി കര്‍ഷക മരണം സംഭവിച്ച യവത്മല്‍ സന്ദര്‍ശിച്ചില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ചവാന്‍ കുറ്റപ്പെടുത്തി. എന്നാല്‍, മരണപ്പെട്ടവര്‍ക്ക് ധനസഹായവും ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തതും ഒഴിവാക്കിയാല്‍ ഗുരുതരമായ ഈ വിഷയത്തില്‍ കീടനാശിനി തളിച്ച കര്‍ഷകരെ കുറ്റപ്പെടുത്തുക മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് എന്നാണ് സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും കീടനാശിനി കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഫട്നാവിസ് പിന്നീട് വ്യക്തമാക്കി.

കീടനാശിനി വിദര്‍ഭയിലെ പുതിയ പ്രശ്നം

മഹാരാഷ്ട്രയുടെ വിദര്‍ഭ പ്രദേശത്തെ യവത്മല്‍ ജില്ലയില്‍ ഏറെപ്പേരും പരുത്തികൃഷിയാണ് ജീവിതോപാധിയായി സ്വീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലായി പരന്നുകിടക്കുന്ന വിദര്‍ഭയില്‍ കര്‍ഷക തൊഴിലാളികളും കര്‍ഷരുമായി 20 പേര്‍ മരണപ്പെട്ടപ്പോള്‍ വിദര്‍ഭയില്‍ ആകെ കീടനാശിനി ശ്വസിച്ച് 32 പേര്‍ മരണത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ കീടനാശിനി ശ്വസിച്ചതുമൂലം അനുഭവപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ 800 പേരില്‍ 500 പേരോളം യവത്മല്‍ ജില്ലയില്‍ നിന്നാണ്.

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

ആള്‍പ്പൊക്കം വളര്‍ന്ന ബി ടി പരുത്തിച്ചെടിയിലേക്ക് ശക്തിയായി തളിക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചൈനീസ് സ്പ്രേയറുകള്‍ ഉപയോഗിച്ചതിനാലും മൂക്കും വായും മറയ്ക്കുന്ന മാസ്കും കൈയ്യുറകളും ഉപയോഗിക്കാത്തതിനാലും ആയിരിക്കാം കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, സംഭവത്തില്‍ ഇരകളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് Alliance for Sustainable and Holistic Agriculture (ASHA) കണ്‍വീനറായ കവിതാ കുരുഗന്ധി അഭിപ്രായപ്പെട്ടു. "കൃഷിയ്ക്കായി ചെലവഴിച്ച പണം തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് കര്‍ഷകര്‍, 25 രൂപയ്ക്ക് ഒരു ടാങ്ക് കീടനാശിനി തളിച്ചുകൊടുക്കുന്നവരാണ് മരണപ്പെട്ട തൊഴിലാളികളില്‍ പലരും. കീടനാശിനി ഉപയോഗത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ധാരണാക്കുറവും സംഭവത്തിന് കാരണമായി കണക്കാക്കാവുന്നതാണ് എന്നാല്‍ തൊഴിലാളികളും കര്‍ഷകരും മദ്യപരാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നുമുള്ള കുറ്റപ്പെടുത്തല്‍ രീതികള്‍ ശരിയല്ല," അവര്‍ ചൂണ്ടിക്കാട്ടി. യവത്മലിലെ കര്‍ഷകനായ ദീപക് മഡവി  Monocrotophos (20 മില്ലിലിറ്റര്‍), Metosystox (20 മില്ലിലിറ്റര്‍) എന്നീ കീടനാശിനികള്‍ കലര്‍ത്തി തളിച്ച ദിവസമാണ് മരണത്തിനിരയായത്. ഈ രണ്ട് കീടനാശിനികളിലുമുള്ള വിഷാംശം മരണത്തിന് കാരണമാകുമെന്ന് വിലയിരുത്തല്‍. ദീപകിന് 24 കാരിയായ ഭാര്യയും ഒരു കുഞ്ഞും പ്രായമായ മാതാപിതാക്കളുമുള്ള കുടുംബത്തിന്റെ സംരക്ഷണ ചുമതലയാണുള്ളത്.

തൊഴിലോ ദുരിതമോ?

"തുടര്‍ച്ചയായി നാല് മണിക്കൂര്‍ കീടനാശിനി തളിച്ചതിനൊടുവില്‍ ചര്‍ദ്ദിയും കാഴ്ചമങ്ങലും അനുഭവപ്പടുകയായിരുന്നു," യവത്മലിലെ ഭൂരഹിത തൊഴിലാളികൂടിയായ മംഗേഷ് ശ്രാവണ്‍ താക്രേ പറഞ്ഞു.  മുഖവും കൈയ്യും മറച്ചാണ് സ്പ്രേ ചെയ്തത കുറച്ചാളുകളില്‍ ഒരാളാണ് 24 കാരനായ മംഗേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മനോജ് പുണ്‍ഡിലിക് റാവു സാറദേ (Manoj Pundlikrao Sarade) യും സമാനമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയിലായി. ഐ സി യു വില്‍ കിടന്നതിനും ചികിത്സാ ചെലവിനുമായി ഇദ്ദേഹത്തിന് ചിലവഴിക്കേണ്ടി വന്നത് 42,000 രൂപയോളമാണ്. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം ജോലി സാഹചര്യമാണുള്ളതെന്നും അതിനിടയിലാണ് ഈ ഗുരുതരം സാഹചര്യം നേരിടേണ്ടി വന്നതെന്നും മംഗേഷ് വ്യക്തമാക്കി.

കീടനാശിനി ശ്വസിച്ചതുമൂലം യവത്മലില്‍ മരണപ്പെട്ട കര്‍ഷകര്‍

പരിഹാരമാര്‍ഗങ്ങള്‍ ഉടനടി സ്വീകരിക്കണം

കീടനാശിനികളുടെ നിയന്ത്രിത ഉപയോഗമാണ് സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും നിര്‍ദ്ദേശിക്കുന്നത്. "ചൂടും ഈര്‍പ്പവുമുള്ള ദിവസങ്ങളില്‍ ഏഴ് അടിയോളം ഉയരത്തില്‍ വളര്‍ന്ന പരുത്തിച്ചെടിയിലേക്കാണ് കീടനാശിനി പ്രയോഗം നടത്തിയത്, കാറ്റിലൂടെ അവ കര്‍ഷകരുടെ മുഖത്തേക്ക് തിരിച്ച് വീഴുന്നു. മൂക്കും മുഖവും മറച്ചാല്‍ അപകട സാധ്യത ഒഴിവാക്കാമെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ അമിതമായി തളിച്ച കീടനാശിനികള്‍ മാസ്ക് ധരിച്ചവര്‍ക്ക് പോലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാക്കി," വിദഗ്ദര്‍ സൂചിപ്പിക്കുന്നു. "ഇത്തരം മരണസാഹചര്യം സൃഷ്ടിക്കുന്ന കീടനാശിനികള്‍ പ്രയോഗിക്കുന്നത് നിര്‍ത്തലാക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കീടനാശിനി തളിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം നല്‍കേണ്ടതും ആവശ്യമാണ്." അതൊടൊപ്പം തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കീടനാശിനി വിപണനശാലകള്‍ അടപ്പിക്കുകയും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സാമൂഹികപ്രവര്‍ത്തകള്‍ അഭിപ്രായപ്പെട്ടു.

(മാധ്യമപ്രവര്‍ത്തകനായ കാര്‍ത്തികേയന്‍ ഹേമലത തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലേഖനം. റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും  First Post വെബ്സൈറ്റില്‍ ലഭ്യമാണ്.)

Also Read: ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം