വിനോദത്തിനൊപ്പം വരുമാനവും ലഭ്യമാക്കുന്ന ആന്തൂറിയം കൃഷി
അലങ്കാരപുഷ്പങ്ങളിൽ വമ്പിച്ച കയറ്റുമതി സാധ്യതയുള്ള ഒരു ചെടിയാണ് ആന്തൂറിയം. അരേസി എന്ന സസ്യകുടുംബത്തിലെ ജനുസ്സായ മധ്യ അമേരിക്ക സ്വദേശിയായ ആന്തൂറിയം കേരളത്തിലെ വീട്ടമ്മമാർക്ക് മാനസികമായ ഉത്സാഹത്തിനോടൊപ്പം വരുമാനവും ഉറപ്പുവരുത്തുന്ന പുഷ്പകൃഷിയാണ്. കൂടുതലായും ഹോളണ്ടിൽ നിന്നാണ് ഇന്ത്യയിലേക്ക് ആന്തൂറിയത്തിന്റെ വ്യത്യസ്തയിനങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നത്.
പൊതുവെ തണൽ ഇഷ്ടപ്പെടുന്ന ചെടികളായതുകൊണ്ട് ഉഷ്ണമേഖലകളിൽ 10 - 30 ശതമാനം കൂടിയ വെളിച്ചത്തിൽ മാത്രമേ വളർച്ച പ്രാപിക്കൂ. അമിതമായ ചൂട് ഇലയെയും പൂക്കളെയും ഒരു പോലെ ബാധിക്കുന്നു. ഇങ്ങനെയാണെങ്കിലും അമിതമായ തണുപ്പും ചെടിയുടെ ഉല്പാദനക്ഷമത കുറക്കുന്നു. അതിനാൽ തന്നെ ചെടികൾ പ്രത്യേകം പന്തലുകളിൽ വളർത്തിയെടുക്കണം. ഈർപ്പം 50 - 60 ശതമാനവും ഊഷ്മാവ് 20 - 30 ഡിഗ്രി സെന്റിഗ്രേഡായും ക്രമീകരണങ്ങൾ പന്തലുകളിൽ ഏർപ്പെടുത്താം. നടീലിനാവശ്യമായ തൈകൾ ടിഷ്യൂകൾച്ചർ മുഖേനയും അല്ലാതെയും നിർമിക്കാൻ കഴിയും. ടിഷ്യൂകൾച്ചർ മുഖേന അല്ലാതെ തൈകൾ നിർമിക്കുന്നതിന് കാർഷിക സംരംഭങ്ങളിൽ നിന്നും വാങ്ങുന്ന തൈകൾ കൊണ്ട് പരാഗണം നടത്തി വിത്തുണ്ടാക്കാം. പരാഗണം ഒരേ പൂവിൽ നിന്നോ വ്യത്യസ്തയിനം പൂക്കൾ തമ്മിലോ നടത്താവുന്നതാണ്. ഏഴ് മാസത്തിനുള്ളിൽ ഈ പ്രക്രിയയാൽ വിത്ത് പാകമാകും. ശാസ്ത്രീയമായ രീതിയിൽ ആണ് വിത്ത് കൈകാര്യം ചെയ്യേണ്ടത്. പാകമായ വിത്തുകൾ നടുന്നതിനുമുമ്പായി വിത്തിലെ കൊഴുപ്പ് രൂപേണയുളള ആവരണം ശ്രദ്ധയോടെ അടർത്തി മാറ്റി ഉടൻ നടണം. വിത്തുകൾ ശുദ്ധമായ മണലിലോ നനഞ്ഞ പഞ്ഞിയിലോ വച്ച് മുളപ്പിക്കാവുന്നതാണ്. മുളപ്പിച്ച വിത്തിൽ തൈകൾ വളർന്നു കഴിഞ്ഞാൽ മണ്ണിലേക്ക് മാറ്റി നടാം. തൈകൾ വളർച്ച പ്രാപിച്ച് പൂക്കാനായി രണ്ട് വർഷമെങ്കിലും എടുക്കുന്നു. മാറ്റി നടുന്ന സമയത്ത് ഏകദേശം 10 സെ.മീ വരെ നീളമുള്ള തൈകൾ കവറുകളിലോ ചെടിച്ചട്ടികളിലോ മണ്ണിലോ നടാം. കൂടാതെ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററോളം ഉയരത്തിലുള്ള സ്ഥലങ്ങളിൽ തടങ്ങളെടുത്ത് നടുന്നതും ഉത്തമമാണ്.
ആന്തൂറിയം ചെടിക്ക് അയഞ്ഞതും മുറുക്കം കുറഞ്ഞതുമായ മണ്ണാണ് അഭികാമ്യം. ചെടി ചട്ടികളിൽ നടുന്ന സമയത്ത് വിറക് കരി, ഇഷ്ടിക കഷണങ്ങൾ എന്നിവ കലർത്തിയ മിശ്രിതത്തിനു കൂടെ മണ്ണുനിറച്ച് , മേൽ ഭാഗത്ത് 40 സെ. മീ വ്യാസവും താഴെയായി 4 ദ്വാരങ്ങളും ഇട്ട് ചെടി ചട്ടിയിൽ ഒന്നുവീതം തൈകൾ നടാവുന്നതാണ്. നടീൽ കഴിഞ്ഞു അടുത്ത ഘട്ടം വളപ്രയോഗം ആണ്. അതിന് പച്ചചാണകമോ വേപ്പിൻ പിണ്ണാക്കോ 10 - 15 ലിറ്റർ വെള്ളത്തിൽ കലക്കി ലായനിയാക്കി നാലോ അഞ്ചോ ദിവസം മാറ്റി വച്ച ശേഷം ഊറ്റിയെടുത്ത് ചെടികളിൽ തളിക്കാം. കൂടാതെ ഗോമൂത്രവും വെള്ളത്തിൽ കലക്കി തളിക്കുകയോ ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയോ ചെയ്യാം. സസ്യസംരക്ഷണം ആവശ്യമായി വരുന്ന ചെടിയായതുകൊണ്ട് പഴയ ഇലകൾ എന്നീ വളർച്ചയെ മുരടിപ്പിക്കുന്നവയെ യഥാസമയം നീക്കം ചെയ്യുകയും മഴ എത്തുന്നതിനു മുമ്പ് ചെടികൾ വൃത്തിയാക്കുകയും ചെയ്യണം.
ആന്തൂറിയം ചെടികളെ വേട്ടയാടുന്ന ചില രോഗങ്ങൾ ഉണ്ട്. അതിൽ പ്രധാനമായും ആന്ത്രക്നോഡ് , ബാക്ടീരിയൽ ബ്ലൈറ്റ് എന്നിവയാണ്. ആന്ത്രക്നോഡ് ചെടിയിലെ ഇലകളിലും തണ്ടുകളിലും വൃത്താകൃതിയിൽ കറുപ്പ് നിറങ്ങൾ ഉണ്ടാക്കുന്നു. ബാക്ടീരിയൽ ബ്ലൈറ്റാകട്ടെ ചെടിയിലൂടെയും ഇലകളുടെ തണ്ടുകൾ കറുക്കുന്നതിനും കാരണമാകുന്നു.
ഇവയെ ചെറുക്കാൻ മാങ്കോസെബ് 0.3 ശതമാനം തളിക്കാം. വേരു ചീയൽ തടയാൻ 0.3 ശതമാനം വീര്യമുളള പൊട്ടാസ്യം ഫോസ്ഫൊണേറ്റും ഉപയോഗിക്കാം.
പൂക്കൾ വിളവെടുപ്പിനായി പാകമാകുന്നത് നടീലിന് ശേഷം വളർച്ചയുടെ കാലഘട്ടങ്ങളായ രണ്ട് വർഷം കഴിഞ്ഞാണ്. വിളവെടുക്കുന്ന സമയത്ത് പൂക്കൾ തണ്ടോടുക്കൂടി പറിച്ചെടുക്കണം. ആന്തൂറിയം പൂക്കൾ ഇനങ്ങൾക്കനുസരിച്ച് നിറത്തിൽ വ്യത്യാസമുളളവയാണ്. അതുകൊണ്ട് പൂക്കളുടെ നിറത്തിനുണ്ടാകുന്ന വ്യത്യാസവും വിരിഞ്ഞു തുടങ്ങുന്നത് മുതൽ മുക്കാൽ ഭാഗം വിടരുന്നതുവരെയുളള സമയവും കണക്കാക്കി വിളവെടുപ്പ് നടത്താം.
ആന്തൂറിയം ഇനങ്ങൾ 500ൽ കൂടുതൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഓരോയിനവും നിറങ്ങൾ കൊണ്ട് ആകർഷണീയമാണ്. സാഗ്ലോ എന്ന ആന്തൂറിയം ഇനം ചേമ്പിലയുടെ ആകൃതിയിൽ ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ്. കൂടാതെ വിടർന്ന ഇതളിന്റെ നടുവിലായി സ്വർണ്ണനിറത്തിലുളള തിരിയാണ് പൂവിനെ സവിശേഷമാക്കുന്നത്. ഈ ഇനത്തിൽ ഏകദേശം 13 പൂക്കൾ വരെ ലഭിക്കും. കൂടാതെ നേരത്തെ തന്നെ പൂക്കളിട്ടു തുടങ്ങുകയും ചെയ്യുന്നു.
രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ മുൻ നിരയിലുളളത് അക്രോപോളിസ് എന്ന ഇനമാണ്. വെളുത്ത നിറത്തിൽ, നീളം കുറഞ്ഞ തണ്ടിന്റെ അറ്റത്തായി വളർന്ന് വിരിയുന്ന പൂക്കളാണിവ. വെളുത്ത നിറമായതുകൊണ്ടും ചെറിയ പൂവായതുകൊണ്ടും നിറം മങ്ങാതെയും ചതവ് ഇല്ലാതെയും വിപണിയിൽ എത്തിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചുവന്ന ആന്തൂറിയങ്ങളാണ് കൂടുതലായും വാണിജ്യസാധ്യതകൾ ഉള്ളത്. ട്രോപ്പിക്കൽ, ഫയർ എന്നീ ഇനങ്ങളാണവ. ഇവക്ക് നല്ല വളർച്ചയും നീളവും ദൃഡതയുളള തണ്ടും പൂക്കളുമുണ്ടാകുന്നത് കൊണ്ടാണ് വിശേഷയിനമാകുന്നത്. വിപണി ലക്ഷ്യമാക്കി വളർത്താവുന്ന ഇനമാണ് കാസിനോ. ഉയർന്ന തോതിൽ ഉള്ള വളർച്ചാനിരക്കും രോഗപ്രതിരോധശേഷിയും, കട്ടിയുളള ദളങ്ങളും വിപണിയിൽ ആവശ്യക്കാരെ വർധിപ്പിക്കുന്നു. പിങ്കും റോസും നിറങ്ങളിലുള്ള വർഷത്തിൽ 11 പൂക്കൾ മാത്രം പൂക്കുന്ന ഇനമാണ് റോസ. ഇവയുടെ വലിപ്പമുള്ള ദളങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കുന്നു. ഇവ കൂടാതെ കാലാവസ്ഥക്കനുസൃതമായി വളർത്താവുന്ന മറ്റിനങ്ങളുമുണ്ട്. ട്രോപ്പിക്കൽ, ലിമാബെറ്റ് , ക്യൂബ , മിഡോരി , അയാപോളിസ് എന്നിവയാണവ.
ഒരു വർഷത്തിൽ ഒരേക്കർ എന്ന കണക്കിന് പുഷ്പകൃഷിയായ ആന്തൂറിയത്തിൽ നിന്ന് 5 ലക്ഷം രൂപവരെ വരുമാനം ലഭ്യമാകുന്നു. കയറ്റുമതി സാധ്യതയുള്ള പൂവായതുകൊണ്ട് ആഗോള മാർക്കറ്റിലെ വിലയുടെ അടിസ്ഥാനത്തിൽ ആണ് ആദായം ലഭ്യമാവുക. പ്രധാന വിപണികൾ യൂറോപ്പാണ്. പ്രത്യേകിച്ചും ജർമനി, ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങൾ.
കേരളത്തിൽ ഒരു പൂവിന് 20 രൂപവരെ മാർക്കറ്റ് വില വരുന്നുണ്ട്. പൂവോടുകൂടിയ തൈകൾക്ക് 350 രൂപയും ചെടിയോടുകൂടിയുളളതിന് 700 രൂപവരെ സിംഗിൾ പീസിന് വില വരുന്നു. ചുവന്ന ആന്തൂറിയത്തിന് ഒരു പീസിന് 250 രൂപയും വീടുകളിൽ അലങ്കാരത്തിനായി വെയ്ക്കുന്നവക്ക് 1500 മുതലാണ് വില പൂക്കളുടെ ആകർഷണീയതക്കനുസരിച്ച് വില വർധിക്കുന്നു.