മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍
കൃഷിയുടെ നേരും നെറിവും വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ നാം മറക്കരുതാത്ത ഒരു ഋഷിവര്യനുണ്ട്. മണ്ണിനെയും പ്രകൃതിയെയും ഉപാസിച്ച ഒരാള്‍. മസനോബു ഫുക്കുവോക്ക. തന്റെ പാദസ്പര്‍ശം കൊണ്ടുപോലും പ്രകൃതിയ്ക്ക് യാതൊരുവിധത്തിലുള്ള പരിക്കും ഏല്‍ക്കരുതെന്ന് കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ച ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റ് 16ന് അദ്ദേഹത്തിന്റെ ഒമ്പതാം ചരമവാര്‍ഷികമായിരുന്നു. ജപ്പാനിലെ തെക്കന്‍ പ്രവിശ്യയില്‍ ഷിക്കോക്കു ദ്വീപിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. കൊത്തും കിളയുമില്ലാതെ മണ്ണിനെ പരിപാലിച്ചുകൊണ്ടും മണ്ണിനെ അതിന്റെ പാട്ടിനുവിട്ടും ഫുക്കുവോക്ക സൃഷ്ടിച്ചെടുത്തത് പുതിയൊരു കാര്‍ഷിക സമ്പ്രദായമായിരുന്നു. ലോകം അതിനെ പ്രകൃതി കൃഷി അഥവാ ആത്മീയകൃഷി (Natural Farming/Spiritual Farming) എന്ന് വിളിക്കുന്നു.
മണ്ണിനെ ജീവനേക്കാള്‍ വലുതായി കണ്ട് ജീവിതം മണ്ണിനായി, പ്രകൃതിക്കായി സമര്‍പ്പിച്ച മഹാമഹര്‍ഷിയായിരുന്നു ഫുക്കുവോക്ക. അദ്ദേഹത്തിന്റെ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന കൃതി ലോകപ്രസിദ്ധമാകുന്നത് ഈ ആശയഗതികള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതിലൂടെയാണ്. പഞ്ചഭൂതങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് മണ്ണിനുള്ളത്. ജൈവരൂപം പ്രാപിക്കുന്ന എന്തും ഒടുക്കം മണ്ണിലേക്ക് അലിഞ്ഞുചേരണമെന്നതാണല്ലോ പ്രകൃതി നിയമം. ഒരു നെന്മണി വീണ മണ്ണില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നത് ആയിരം നെന്മണികള്‍. ആയിരത്തിലോരോന്നിലും വീണ്ടും ആയിരമായിരങ്ങള്‍. ഒരു വിത്തിന്റെ ഉള്ളിലുറങ്ങുന്ന ഉല്‍പ്പാദനവീര്യം അനന്തവിശാലമായ ഈ മഹാപ്രപഞ്ചത്തിനൊപ്പം അമേയമാകുന്നു. ഇതാണ് പ്രകൃതിയുടെ വിസ്മയം. ഈ വിസ്മയത്തിന്റെ മുന്നില്‍ നമുക്ക് വിനയത്തോടെ തലകുനിക്കാം എന്നാണ് മസനോബു ഫുക്കുവോക്ക നിരന്തരം പഠിപ്പിച്ചിരുന്നത്. നിലം കൊത്തിക്കിളക്കാതെ, കയ്യില്‍ കരുതിയ മണ്‍ചട്ടിയില്‍ മണ്ണ് കുഴച്ച് ഉരുളകളാക്കി അതില്‍ ഓരോന്നിലും വിത്തുകള്‍ നിക്ഷേപിച്ച് ആ മണ്ണുരുളകള്‍ ചുറ്റിലുമുള്ള മണ്ണിലേക്ക് വലിച്ചെറിഞ്ഞ് നടന്നുപോയ ഒരാളാണ് അദ്ദേഹം.
മണ്ണ് ഒരു ഉപാസനാമൂര്‍ത്തി കൂടിയാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. കാര്‍ഷികരംഗത്തെ പ്രമാണിമാരായി ചമയുന്നവര്‍ക്ക് ഒരിക്കലും ദഹിക്കുന്നതായിരുന്നില്ല ഫുക്കുവോക്കയെന്ന കൃഷിക്കാരന്റെ മാര്‍ഗ്ഗം. അത്യാധുനിക രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് ഉയര്‍ന്ന വിളവ് കൊയ്യാന്‍ പാവപ്പെട്ട കര്‍ഷകരെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരോട് ഫുക്കുവോക്ക പറഞ്ഞത് മണ്ണിനെ വെറുതെ വിടൂ എന്നാണ്. ജപ്പാന്റെ തെക്കന്‍ പ്രവിശ്യയില്‍ ഷിക്കോക്കു ദ്വീപിലെ മത്സുയാമ തീരത്തിന് അഭിമുഖമായി നിലകൊള്ളുന്ന മലമുകളില്‍ തന്റെ കൊച്ചുകുടിലിലിരുന്ന് ഫുക്കുവോക്ക കണ്ട സ്വപ്നങ്ങള്‍ തന്റെ ജീവിതകാലത്തുതന്നെ പൂവണിയുന്നത് കാണാനും അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. ഒരു വൈക്കോല്‍ കൊണ്ട് മഹാവിപ്ലവം ചരിച്ച വിപ്ലവകാരിയായി ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. കാരണം അദ്ദേഹം സ്വപ്നം കണ്ടത് വരുംതലമുറകള്‍ക്ക് വേണ്ടികൂടിയാണ്. ഏകവിള തോട്ടങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന ലോകത്തിനു മുന്നില്‍ വിള വൈവിധ്യത്തിന്റെ ഹരിതപ്രപഞ്ചമാണ് ഫുക്കുവോക്കയുടെ കൃഷിയിടം തുറന്നിടുന്നത്. ജന്മസിദ്ധമായ നിഷ്കളങ്കത കൈമോശം വന്നിട്ടില്ലാത്തവര്‍ക്കൊക്കെ പാദരക്ഷകള്‍ അഴിച്ചുവെച്ച് ആ വിസ്മയലോകത്തേയ്ക്ക് കടന്നുചെല്ലാം.
ഭൂമിയെ മെരുക്കാന്‍ ആരാണ് നമുക്ക് അധികാരം നല്‍കിയത്? അതായിരുന്നു ഫുക്കുവോക്കയുടെ ചോദ്യം. ശിശുസഹജമായ നിഷ്കളങ്കതയോടെ ഭൂമിയെ സ്വര്‍ഗ്ഗമാക്കിയതാണ് അദ്ദേഹത്തെ ഇന്നും ആളുകള്‍ ഗുരുതുല്യനായി കാണുന്നതിന് പ്രധാന കാരണം. ആരാണ് യഥാര്‍ത്ഥ കര്‍ഷകന്‍? പ്രകൃതിയിലെ ഋതുചക്രങ്ങളെ വളരെ സൂക്ഷ്മമായും യാഥാര്‍ത്ഥ്യബോധത്തോടെയും നിരീക്ഷിക്കുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാരോ അയാളാണ് യഥാര്‍ത്ഥ കര്‍ഷകന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍. രണ്ടാം ലോകയുദ്ധക്കെടുതികളുടെ നാളുകളിലാണ് ഫുക്കുവോക്ക തന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. നിലം ഉഴുതുമറിക്കാതെ, രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ, സ്വാഭാവികരീതിയില്‍ കൃഷി ചെയ്യുക എന്നതായിരുന്നു ആ പരീക്ഷണം. “എന്റെ പരീക്ഷണങ്ങളുടെ ഫലങ്ങളിതാ നിങ്ങള്‍ക്കു മുന്നില്‍ മൂത്തുപഴുത്തുനില്‍ക്കുന്നു” എന്ന് തന്റെ കൃഷിയിടങ്ങള്‍ ചൂണ്ടിക്കാട്ടി ഫുക്കുവോക്ക പറയുമായിരുന്നു. നാട്ടിലെ സാങ്കേതിക വിദ്യാലയത്തില്‍ നിന്ന് മൈക്രോ ബയോളജിയും പ്ലാന്റ് പതോളജിയും കഴിഞ്ഞ് അഗ്രിക്കള്‍ച്ചറര്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി കുറേ കാലം ജോലി നോക്കിയ അദ്ദേഹം പിന്നീട് പരീക്ഷണങ്ങളുടെ മഹാപാഠശാലയിലേക്ക് ഇറങ്ങുകയായിരുന്നു. അന്തഃസംഘര്‍ഷങ്ങളുടെ നാള്‍വഴികളിലൊന്നില്‍, ഒരു കൊച്ചുവെളുപ്പാന്‍കാലത്ത്, ഗ്രാമത്തിലെ നാട്ടിടവഴികളിലൂടെ അലയുന്നതിനിടെ ആത്മജ്ഞാനത്തിന്റെ മിന്നലൊളി അദ്ദേഹത്തിനുമേല്‍ പതിച്ചു. 1975ല്‍ തന്റെ കാര്‍ഷിക പരീക്ഷണങ്ങളെയും അനുഭവങ്ങളെയും ചേര്‍ത്തുവെച്ച് "ഒറ്റവൈക്കോല്‍ വിപ്ലവം" എന്ന മഹത്തായ കൃതി രചിച്ചു. പ്രകൃതി കൃഷിയെ ഉപാസിക്കുന്നവരുടെ ബൈബിള്‍ ആയി ആ ഗ്രന്ഥം മാറിക്കഴിഞ്ഞു. പ്രകൃതി വിവിധങ്ങളായ വിഭവങ്ങള്‍ക്കൊണ്ട് ഏറെ സമ്പന്നമാണ്. ആ സമ്പന്നതയോട് നാം സഹകരിക്കുകയാണ് വേണ്ടത്. പര്‍വ്വതങ്ങളുടെ തുഞ്ചത്തും ഉഷ്ണജലപ്രവാഹങ്ങളുടെ ഓരത്തും അന്തിയുറങ്ങിയ ആ അവധൂതന്‍ ഏറ്റവും ഉത്തമമായ ജോലി കൃഷിയാണ് എന്ന് തലമുറകളെ ഉപദേശിച്ചുകൊണ്ടിരിക്കുന്നു. ആ തിരിച്ചറിവില്‍ തന്റെ മാതൃഗ്രാമത്തിലേക്ക് മടങ്ങിയ അദ്ദേഹം, കൃഷിക്കാരുടെ ഇടയിലെ മഹര്‍ഷിയും മഹര്‍ഷിമാരുടെ ഇടയിലെ കര്‍ഷകനുമായിരുന്നു.
പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കുന്നതിന് ഫുക്കുവോക്ക നാല് പ്രമാണങ്ങള്‍ തയ്യാറാക്കിയിരുന്നു.
ഭൂമി ഉഴുതുമറിക്കരുത്. ട്രാക്ടറും ടില്ലറും ഉപയോഗിച്ച് ഭൂമിയുടെ മാറുപിളര്‍ക്കാതിരിക്കുക. ആ ജോലി ചെടികള്‍ വേരുപടലങ്ങള്‍ ഉപയോഗിച്ചു് നിര്‍വ്വഹിക്കുന്നുണ്ടല്ലോ. മണ്ണിരകളും ചെറുപ്രാണികളും ആ ജോലി ഏറ്റെടുക്കും. അതുകൊണ്ട് മണ്ണിനെ വെറുതെ വിടുക.
രാസവളങ്ങള്‍ ഉപയോഗിക്കരുത്. ഭൂമിക്ക് സ്വതഃസിദ്ധമായ ഊര്‍വ്വരതയുണ്ട്. പ്രത്യേകമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് അതിനെ സമ്പുഷ്ടമാക്കേണ്ടതില്ല. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതുവഴി തലമുറകളെ വിഷലിപ്തമാക്കുകയാണ് ചെയ്യുന്നത്. മണ്ണിനെ കൊല്ലുകയാണ് ചെയ്യുന്നത്. അത് മഹാ അപരാധവുമാണ്.
കള പറിക്കരുത്. മണ്ണിനെ ഫലഭൂയിഷ്ഠമാക്കി നിലനിര്‍ത്തുന്നതില്‍ കളകള്‍ക്ക് വലിയ പങ്കുണ്ട്. ജൈവസംതുലനാവസ്ഥ നിലനിര്‍ത്തുന്നതിന് കളകള്‍ അനിവാര്യമാണ്. കളകള്‍ പറിച്ചികളയാനുള്ളതല്ല. മണ്ണിനെ സമ്പുഷ്ഠമാക്കുന്നതിന് കളകളും വേണം.
കീടനാശിനികള്‍ വേണ്ട. പ്രകൃതിയ്ക്ക് കൃത്യവും സുശക്തവുമായ സമതുലനാവസ്ഥയാണുള്ളത്. അത് നിലനിര്‍ത്താന്‍ സഹജമാര്‍ഗ്ഗങ്ങളും പ്രകൃതി സൃഷ്ടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ മനുഷ്യനിര്‍മ്മിതമായ രാസകീടനാശിനികളുടെ ആവശ്യം ഉദിക്കുന്നേയില്ല. ഈ നാല് പ്രമാണങ്ങള്‍ അനുസരിച്ച് ജീവിതശൈലി കെട്ടിപ്പടുത്ത് പ്രകൃതിയുടെ താളത്തെ വീണ്ടെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് നിരാശരാകേണ്ടിവരില്ല.
പ്രകൃതിയെ സ്വയംവരിച്ച് വിത്തുരുളകളുമായി നടന്നുനീങ്ങിയ ആ മഹര്‍ഷീവര്യന്റെ സാമീപ്യത്തിനായി, അദ്ദേഹത്തിന്റെ കൃഷിയനുഭവങ്ങള്‍ പങ്കുകൊള്ളാന്‍, മലമുകളിലെ കുടിലില്‍ താമസിക്കാന്‍, നിരവധി പേരാണ് കൊതികൊണ്ടത്. അവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. പ്രഫഷണല്‍ രംഗത്തെ പ്രമുഖരുണ്ടായിരുന്നു. കൃഷിക്കാരും സാങ്കേതികവിദഗ്ധരും വിദ്യാര്‍ത്ഥികളുമൊക്കെയുണ്ടായിരുന്നു. 2008 ഓഗസ്റ്റ് 16ന് നിത്യതയുടെ തോട്ടത്തിലേക്ക് മടങ്ങുംവരെ ഫുക്കുവോക്ക കൃഷിക്കാരനായി തന്നെ ജീവിച്ചു. കാലടിപ്പാടുകള്‍കൊണ്ടുപോലും മണ്ണിനെ പരിക്കേല്‍പ്പിക്കാതെ ഈ ഭൂമിക്കുമീതെ നടന്നുപോയ മഹാമഹര്‍ഷിയുടെ ജീവിതപാഠങ്ങള്‍ സ്വായത്തമാക്കുക എന്നത് ശ്രമകരമാണെങ്കിലും അതിന് നാം പ്രതീക്ഷിക്കുന്നതിലും വലിയ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.