അരവിന്ദാക്ഷന്റെ താമരക്കൃഷി, താറുമാറാക്കിയ വേനല്‍ക്കാലം
ഒട്ടനേകം ജലജീവികളേയും പക്ഷികളേയും സംരക്ഷിച്ചു നിറുത്തുന്ന ഒരു ആവാസവ്യവസ്ഥയായിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യന്‍ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഭാഗമാണ് കുളങ്ങള്‍. എന്നാല്‍ അടുത്തകാലങ്ങളില്‍ കുളങ്ങള്‍ പരക്കെ നികത്തപ്പെടുകയും ഉപയോഗശൂന്യമായിക്കിടക്കുകയുമാണ് പലയിടത്തും. ചെളിയും പായലും നിറഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്ന കുളങ്ങളെ വൃത്തിയാക്കി മത്സ്യകൃഷി ആരംഭിക്കുന്ന തലത്തിലേക്ക് നാം മെച്ചപ്പടുന്നത് സ്വീകാര്യമാണെങ്കിലും അവിടെ താമരകൃഷി ചെയ്യാനൊരാള് ഇറങ്ങിപ്പുറപ്പെടുന്നത് കൗതുകകരമാണ്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന കാര്‍ഷിക ജില്ലയായ പാലക്കാട്ടിലെ അരവിന്ദാക്ഷനെന്ന ഒരു താമരകൃഷിക്കാരനെ പരിചയപ്പെടുത്താന്‍കൂടിയാണ് ഈ വിവരണം. അതോടൊപ്പം, അരവിന്ദാക്ഷന്റെ കാര്‍ഷിക ജീവിതത്തെ പാടെ ഉലച്ചുകളഞ്ഞ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ “ദുര്‍വിധി” ക്കാലത്തെക്കുറിച്ചു കൂടി വിവരിക്കുന്നു.
കാര്‍ഷികജീവിതത്തെ പിടിച്ചുലച്ച വേനല്‍
ഇക്കഴിഞ്ഞ വേനല്‍ക്കാലം അരവിന്ദാക്ഷന്റെ താമരക്കൃഷിയേയും പറമ്പിലേയും പാടത്തേയും ഉപജീവനസഹായകമായ എല്ലാ കൃഷിയേയും പാടെ തകര്‍ത്തുകൊണ്ടാണ് കടന്നു പോയത്. നൂറുകണക്കിന് താമരകള്‍ തലയുയര്‍ത്തിനിന്ന താമരക്കുളം പാടെ വറ്റിവരണ്ടു, പേരിനുമാത്രം ഒന്നോ രണ്ടോ ചെടികളെ ബാക്കിവെച്ചു. പറമ്പിലെ തെങ്ങുകളേയും വാഴകളേയും കൊടുംവേനലും ചുടുകാറ്റും കരിച്ചുണക്കി. ജലലഭ്യത ഉന്നംവെച്ച് തോട്ടത്തില്‍ പലയിടത്തായി കുഴിച്ച കുഴല്ക്കിറുകള് രണ്ടു മൂന്ന ലക്ഷം രൂപ അപഹരിച്ചതല്ലാതെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാന്‍ സഹായകമായില്ല. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചാല്‍ താമരക്കൃഷിയിലേക്ക് തിരിച്ചുവരണമെന്ന് പ്രത്യാശിച്ചിരുന്ന ഈ കര്‍ഷകനെ സന്തോഷിപ്പിക്കുന്ന ഒന്നും തന്നെ ഈ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് നല്‍കാനായിട്ടില്ല എന്നതാണ് നിലവിലെ വസ്തുത. പാലക്കാടന്‍ കര്‍ഷകര്‍ക്ക് മിക്കവാറും പേര്‍ക്ക് പറയാനുള്ള കഥകള്‍ ഇതൊക്കെയാണ്. വേനലില്‍ കൃഷിനാശവും കുടിവെള്ള ക്ഷാമവും നേരിട്ട കഞ്ചിക്കോട്, ചിറ്റൂര്‍, നെന്മാറ, മുതലമട, ഒറ്റപ്പാലം, പട്ടാമ്പി എന്നീ പ്രദേശങ്ങളില്‍ മഴക്കാലമാരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴും കിണറുകളും ജലാശയങ്ങളും വറ്റിക്കിടക്കുകയാണ്. മഴയുടെ അളവിലും ദൈര്‍ഘ്യത്തിലും ഉണ്ടായ വ്യതിയാനമാണ് ഇതിന് കാരണമായി കണക്കാക്കപ്പെടുന്നത്.
ഒരിടത്ത് ജലദാരിദ്രവും മറ്റൊരിടത്ത് വെള്ളപ്പൊക്കവും
കാലവര്‍ഷം ആരംഭിച്ച് മാസം രണ്ട് കഴിയുമ്പോള്‍ കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പേരിന് മാത്രമാണ് മഴ ലഭിച്ചത്. ഈ സംസ്ഥാനങ്ങളില്‍ 20 മുതല്‍ 50 ശതമാനം വരെ കുറവ് മഴയാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേസമയം, ഗുജറാത്ത്, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ലഭിച്ച അധികമഴ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. കാലവര്‍ഷത്തെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകരാണ് ഇന്ത്യയിലേറെയും. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനാല്‍ പോലുള്ള ജലവിതരണ മാര്‍ഗങ്ങളൊന്നും സമഗ്രമായി സ്വീകരിച്ചിട്ടില്ല.
Also Read: “മഴ, അതു…തന്നെയാണാശ്രയം,” ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച്
രാജ്യത്താകമാനമുള്ള വിരിപ്പുകൃഷി പ്രതിസന്ധികളില്‍ കുടുങ്ങുന്ന സാഹചര്യം നിലനില്ക്കുമ്പോള് മറ്റ് കൃഷികളുടെ ഗതി എന്താണെന്ന് ഊഹിക്കാവുന്നതാണ്. കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷ വെച്ചാണ് രാജ്യത്തിന്റെ കാല്‍ഭാഗം പ്രദേശത്തെ കര്‍ഷകര്‍. പക്ഷേ മഴലഭ്യത തുടര്‍ന്നും ശരാശരിക്ക് താഴെയായെങ്കില്‍ ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക ജീവിതത്തേയും സാമ്പത്തിക സുരക്ഷിതത്ത്വത്തേയും പിടിച്ചു കുലുക്കുന്ന ഒരു കാലമാണ് മുന്നിലുള്ളതെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. മറാത്ത വാഡയില്‍ ഇതിനകം തന്നെ നടന്ന കര്‍ഷക ആത്മഹത്യ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.
Also Read: രാജ്യത്തെ കാല്‍ഭാഗം പ്രദേശത്ത് 20 മുതല്‍ 50 ശതമാനം വരെ മഴക്കുറവ്: കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
അരവിന്ദാക്ഷനിലേക്കും അദ്ദേഹത്തിന്റ താമരക്കൃഷിയുടെ പശ്ചാത്തലത്തിലേക്കും
അരവിന്ദാക്ഷന് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചെങ്കിലും ജീവിച്ചത് ചായക്കടക്കാരനും ഓട്ടോ ഡ്രൈവറും കച്ചവടക്കാരനുമൊക്കെയായാണ്, നാടകത്തിലും കലാപ്രവര്‍ത്തനത്തിലും ഇദ്ദേഹത്തിന് സ്വല്പം കമ്പമുണ്ട്. വയസ്സ് അറുപത് കടന്നു, തലയില്‍ നരകേറി, പല്ലുകള്‍ കൊഴിയുന്നു... കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വളരെയേറെ ചുറുചുറുക്കോടെ കൃഷിയെ സമീപിക്കാനിദ്ദേഹത്തിനൊരു മടിയുമില്ല. ഏകദേശം ഒന്നര ഏക്കര്‍ വലുപ്പമുള്ള കുളത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി താമര വളര്‍ത്തുകയാണ് ഇദ്ദേഹം. തെങ്ങ്, നെല്ല്, വാഴ, മുരിങ്ങ, പപ്പായ തുടങ്ങി ചെണ്ടുമല്ലി വരെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.
നാല് വര്‍ഷം മുമ്പാണ് ചിറ്റൂര്ക്കാരനായ അരവിന്ദാക്ഷന് താമരകൃഷി ചെയ്യാനാരംഭിച്ചത്, ഒരു കൗതുകം തോന്നി തുടങ്ങിയ താമരകൃഷി ഇപ്പോള്‍ ശരാശരി 25,000 രൂപ പ്രതിവര്‍ഷം ഇദ്ദേഹത്തിന്റെ കൈകളിലെത്തിക്കുന്നുണ്ട്. ജില്ലയിലെ പൂ വിപണിയിലും ക്ഷേത്രത്തിലുമാണ് പ്രധാനമായി പൂക്കളെത്തിക്കുന്നത്, ഒരു പൂവിന് 5 രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചുപോരുന്നത്. പൂര്‍ണ്ണമായി വൃത്തിയാക്കിയ കുളത്തില്‍ വള്ളിയിട്ടാണ് പൂ താമര വളര്‍ത്തിയെടുക്കേണ്ടത്, അഞ്ച് മുതല്‍ ആറ് മാസം വരെ കാലമാണ് ഇതിനാവശ്യം, കുളത്തിന്റെ വലുപ്പത്തിനനും മണ്ണിന്റെ ഗുണമേന്മയും അനുസരിച്ച് ഇതില്‍ ഏറ്റക്കുറവ് അനുഭവപ്പെടാം. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള കുളത്തില്‍ രണ്ട് വള്ളികളാണ് ഇദ്ദേഹം നിക്ഷേപിച്ചത്, ഒരു വര്‍ഷം കഴിഞ്ഞതോടെ കുളം നിറയെ താമരവള്ളികള്‍ നിറയുകയും ചെയ്തു. അടിത്തട്ടില്‍ ചെളി അടിഞ്ഞ് കൂടിയ കുളത്തിലാണ് താമര വളര്‍ത്തേണ്ടത്, ചുറ്റിലുമുള്ള ചെടിപ്പടര്‍പ്പുകളും വള്ളികളും ഒഴിവാക്കേണ്ടത് ആവശ്യമാണ്. വെള്ളത്തില്‍ കലക്കുന്ന പച്ചവളമാണ് ഇതിനായുള്ള വളപ്രയോഗം. കീടങ്ങളുടേയോ ശല്യമോ പുഴുക്കടിയോ കാണുമ്പോള്‍ ചെറിയതോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുകയും പതിവാണെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ മാസത്തില്‍ കുളത്തില്‍ വള്ളികള്‍ നിക്ഷേപിക്കാം, കുറച്ച് നീളത്തില്‍ തണ്ടും ഒന്നുരണ്ട് ഇലകളും കൂടിയ വള്ളിയാണ് ചെളിയില്‍ വേര് പൂഴ്ത്തി വെയ്ക്കേണ്ടത്. ഇതില്‍ ഇല വെള്ളത്തിന് മുകളില്‍ കാണാനും പ്രത്യേകം ശ്രദ്ധിക്കണം. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് പൂക്കള്‍ ധാരാളമായി ലഭിക്കുന്നത്.
വലിയ നെല്ലുവെപ്പ് പാത്രം പോലുള്ള ലോഹ കുട്ടകം കയറിയിരുന്ന് തുഴഞ്ഞ് പോയി അരവിന്ദാക്ഷന് തന്നെയാണ് ദിനവും പൂ പറിക്കുന്നത്, ഇദ്ദേഹത്തെ ജോലിയില്‍ സഹായിക്കാനായി അയല്‍വാസിയായ കൃഷ്ണനും സദാസമയം രംഗത്തുണ്ട്.
ഇന്ത്യയില്‍ ദേശീയ പുഷ്പമായി അംഗീകരിച്ച താമര, വിശ്വാസപരതയെ മുന്‍നിറുത്തി വിശേഷപ്പെട്ട ഒരു പുഷ്പമായാണ് അരവിന്ദാക്ഷനുള്പ്പെടെ പലരും കണക്കാക്കുന്നത്. താമരകൃഷിയില്‍ ഏര്‍പ്പെടുന്ന പലരും അത്തരത്തിലൊരു അഭിമാനം കാത്തുസൂക്ഷിക്കുന്നതിലും മടികാണിക്കുന്നില്ല. അരവിന്ദാക്ഷന്റെ താമരകൃഷിയില്‍ കൗതുകം പൂണ്ട് കാണാനെത്തിയ പലരും അദ്ദേഹത്തില്‍ നിന്ന് വള്ളികള്‍ സ്വീകരിച്ച് കൃഷി തുടങ്ങിയിട്ടുമുണ്ട്. കണ്ണൂര്‍ വരെ തന്റെ കൃഷിയുടെ സാധ്യത ചെന്നത്തിയത് പുഞ്ചിരിയില്‍ കലര്‍ത്തിയാണ് ഈ നാട്ടിന്പുറത്തുകാരന് വിവരിച്ചത്.
ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലാണ് താമര ധാരാളമായി കാണപ്പെടുന്നത്. ഈ സസ്യത്തിന്റെ ഇതളുകളും തണ്ടുകളും പലതരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താറുണ്ട്. ദക്ഷിണേന്ത്യയുടെ ഭക്ഷണ രീതിയില്‍ താമരത്തണ്ടുകള് സാലഡ്, അച്ചാര്‍, വറവ് (കൊണ്ടാട്ടം) എന്നിവയ്ക്കായി ഉപയോഗിച്ചു പോരുന്നുണ്ട്. ഔഷധാവശ്യങ്ങള്‍ക്കും താമര വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഈജിപ്ത്, ശ്രീലങ്ക, വിയറ്റ്നാം, മ്യാന്മര് എന്നീ രാജ്യങ്ങളിലും താമര സമാനമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ധാരാളം വിപണന സാധ്യതകളുണ്ടെങ്കിലും താമരകൃഷി പ്രചോദിപ്പിക്കുന്നതില്‍ എത്രത്തോളം വിജയകരമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറയാന്‍ പ്രയാസമാണ്. എന്നിരുന്നാലും താരതമ്യേന ചൂടുള്ള പ്രദേശങ്ങളില്‍ നടത്താവുന്ന വ്യത്യസ്തമായ ഒന്നാണ് താമരകൃഷി. അനുകൂലമായ കാലാവസ്ഥയില്‍ വലിയ നിക്ഷേപങ്ങളൊന്നുമില്ലാതെ നടത്താവുന്ന ക്രിയാത്മകമായ പരിശ്രമമാണ് താമരക്കൃഷി.