കോൾഡ് സ്റ്റോറേജും ഇന്ത്യൻ കാർഷിക രംഗവും; ഉറങ്ങുന്ന ഭീമന്റെ തണുത്തുറഞ്ഞ ഭാവി
2018 ജനുവരി മധ്യത്തിൽ ഉത്തർ പ്രദേശിലെ ഭീമക്പുര ഗ്രാമത്തിലേക്കുള്ള വഴി ഉരുളക്കിഴങ്ങുകൾ ചീയുമ്പോഴുള്ള തുളച്ചു കയറുന്ന മണംകൊണ്ട് വീർപ്പുമുട്ടി. 2017 ജൂലൈയിലാകട്ടെ ഒഡീഷയിലെ ജാജ്പൂരിലേക്കുള്ള പാത കർഷകർ ഉപേക്ഷിച്ച തക്കാളികളുടേയും, പയറിന്റേയും, പാൽ ഉൽപ്പന്നങ്ങളുടേയും, പരിപ്പുകളുടേയും കൂനകൾകൊണ്ട് നിറഞ്ഞു. തമിഴ്നാട്ടിലെ കിണറ്റുകടവിലുള്ള കർഷകർ തങ്ങളുടെ വിളകൾ ഉപേക്ഷിച്ചതും കർണാടകയിലെ ചിത്രദുർഗയിൽ കർഷകർ വിളകൾ നശിപ്പിച്ചതും 2000 ത്തിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവങ്ങളിൽ ചിലതാണ്. പെട്ടെന്ന് കേടായിപ്പോകുന്ന കാർഷിക വിളകളായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന കർഷകരാണ് ഇത്തരത്തിൽ വിപണി വിലയിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവും, വിളവെടുത്ത് വിപണികളിൽ എത്തിക്കുന്നതുന്നതു വരെയുള്ള കനത്ത ചെലവും താങ്ങാനാവാതെ തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങൾ മുഴുവൻ പെരുവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
വിലയിടിവ്, വിളവിലുണ്ടാകുന്ന നഷ്ടം, കടക്കെണി, സർക്കാരിന്റെ തീർത്തും അപര്യാപ്തമായ വിപണി ഇടപെടലുകൾ എന്നീ പ്രധാന കാരണങ്ങൾ കൂടാതെ കോൾഡ് സ്റ്റോറേജ് സംവിധാനമുള്ള ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും അതിനായി മുടക്കേണ്ടി വരുന്ന കനത്ത തുകയുമാണ് കർഷകരെ നിസഹായരാക്കിയത്; വിളവ് വളരെ കൂടുതലും വിപണിയിലെ ആവശ്യകത വളരെ കുറവും ആകുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. കാർഷിക രംഗത്തെ പലവിധ പ്രതിസന്ധികൾ കാരണം വലഞ്ഞിരിക്കുന്ന സാധാരണ കർഷകർക്ക് താങ്ങാവുന്നതിൽ കൂടുതായിരുന്നു കൃഷി സ്ഥലങ്ങളിൽ നിന്ന് അകലെയുള്ള വിപണികളിലേക്ക് തങ്ങളുടെ വിളവ് കനത്ത തുക ചെലവാക്കി എത്തിക്കുക എന്നത്. പെട്ടെന്ന് ചീഞ്ഞു പോകുമെന്നതിനാൽ തക്കാളിക്കൃഷി ചെയ്ത കർഷകരാണ് ഈ പ്രതിസന്ധിയുടെ ഏറ്റവും ആദ്യത്തെ ഇരകളായത്. കർഷകരെ കടക്കെണിയിലേക്ക് തള്ളി വിടുന്നതിൽ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾക്കായി മുടക്കേണ്ടി വരുന്ന ഉയർന്ന വാടകയും ശീതീകരണ സംവിധാനങ്ങളുടെ മോശം പ്രവർത്തന നിലവാരവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
Also Read: കൈയ്യില്‍ മോഹവില വച്ചുതരുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍
തക്കാളി ഉൾപ്പെടെയുള്ള പെട്ടെന്ന് ഉപയോഗശൂന്യമാകുന്ന വിളവുകളുടെ കാര്യത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. കൂടാതെ അമിത വിളവ്, വിളവ് നശിക്കുന്നത് പോലുള്ള പ്രതിഭാസങ്ങൾ വർധിച്ചു വരുന്നതും ദേശീയതലത്തിലുള്ള മികവുറ്റ ഒരു കോൾഡ് സ്റ്റോറേജ് സംവിധാനത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന കാർഷിക ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന ഊഷ്മാവ്, ഈർപ്പം, വായു സാന്ദ്രത, എന്നിവ ഫലപ്രദമായി നിയന്ത്രിച്ച് ഉൽപ്പന്നങ്ങൾ കേടുവരുന്നതിനു മുമ്പ് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നതാണ് കോൾഡ് സ്റ്റോറേജ് ശൃംഗലയുടെ ധർമ്മം. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് കാർഷിക ഉല്പാദന കേന്ദ്രങ്ങൾക്കും വിപണി കേന്ദ്രങ്ങൾക്കും ഇടയിലുള്ള നാഡീഞരമ്പുകളാണ് ഈ കോൾഡ് സ്റ്റോറേജ് ശൃംഗലയെന്ന് കാണാം.
കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളുടെ ആധുനിക ചരിത്രം തുടങ്ങുന്നത് 1938 ൽ ഫ്രെഡറിക് മക്കിൻലെ ജോൺസ് എന്ന അമേരിക്കൻ എഞ്ചിനീയറിൽ നിന്നാണ്. സങ്കീർണമായ സാങ്കേതിക പാഠങ്ങൾ സ്വയം സ്വായത്തമാക്കി സ്വന്തമായി നിരവധി പുത്തൻ ഉപകരണങ്ങൾ വികസിപ്പിക്കാൻ മിടുക്കനായിരുന്നു ജോൺസ്. ട്രക്കുകൾക്കായി ജോൺസ് രൂപം നൽകിയ കോൾഡ് സ്റ്റോറേജ് സംവിധാനമാണ് പിന്നീട് ഈ രംഗത്തെ ഭീമനായി മാറിയ തെർമോ കിംഗ് കോർപ്പറേഷൻ എന്ന കമ്പനിയുടെ തുടക്കം. രണ്ടാം ലോകയുദ്ധ കാലത്ത് പട്ടാളക്കാർക്കുള്ള രക്തവും മരുന്നുകളും ഭക്ഷണവും മറ്റും കേടാവാതെ യുദ്ധമുന്നണികളിലേക്ക് എത്തിക്കുന്നതിൽ ഈ കോൾഡ് സ്റ്റോറേജ് സംവിധാനം പ്രധാന പങ്കുവഹിച്ചതോടെ ജോൺസും പിന്നീട് തെർമോ കിംഗ് കമ്പനിയും ചരിത്രത്തിന്റെ ഭാഗമായി.
Also Read: സുസ്ഥിര കൃഷിരീതിയുടെ ഭാവിയും വിശപ്പിന്റെ രാഷ്ട്രീയവും
രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ പഴം, പച്ചക്കറി, മത്സ്യ ഉൽപ്പന്നങ്ങൾ, ഫോട്ടോഗ്രാഫിക് ഫിലിം, രാസവസ്തുക്കൾ, മരുന്നുകൾ എന്നിവ ഉല്പാദിപ്പിച്ചിരുന്ന വൻകിട കമ്പനികൾ കോൾഡ് സ്റ്റോറേജിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു. അമേരിക്ക പോലുള്ള ഒരു ബൃഹദ് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന ഒരു കോൾഡ് സ്റ്റോറേജ് സംവിധാനം ദേശീയ കാർഷിക രംഗത്തിന്റെ അഭിവൃദ്ധിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണെന്നും അംഗീകരിക്കപ്പെട്ടു.
രാജ്യാതിർത്തികൾ തുറന്ന വാതിൽ നയങ്ങളുടെ പേരിൽ തുറക്കപ്പെടുന്ന ഇന്നത്തെ കാലത്ത് അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഒന്ന് എന്ന നിലയിലേക്ക് കോൾഡ് സ്റ്റോറേജ് രംഗം മാറിയിരിക്കുന്നു. ഉൽപ്പന്നങ്ങളുടെ ഗുണപരതയിൽ മാറ്റം വരുത്താതെ അവയുടെ ആയുസ് നീട്ടിയെടുക്കുക എന്നതാണ് കോൾഡ് സ്റ്റോറേജ് രംഗത്തെ പ്രധാന വെല്ലുവിളി. Credit Rating Information Services of India Limited (CRISIL) അടുത്തിടെ നടത്തിയ ഒരു പഠനം ഇന്ത്യൻ കോൾഡ് സ്റ്റോറേജ് രംഗം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 13 മുതൽ 15 ശതമാനം വരെ വളർച്ച നേടുമെന്ന് പ്രവചിക്കുന്നു. മാത്രമല്ല 2017 ൽ 24,800 കോടി രൂപയുടെ വിപണിയുണ്ടായിരുന്ന ഈ മേഖല 2022 ൽ 47,200 കോടി രൂപയിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നും പഠനത്തിൽ പറയുന്നു.
Also Read: അക്വാപോണിക്സ്: നൂതനമായ സംയോജിതകൃഷി വീട്ടുവളപ്പില്‍ ചെയ്യാം; ലാഭകരമായി തന്നെ
കണക്കുകൾ ആരോഗ്യകരമായി പ്രവർത്തിക്കുന്ന, മികവുറ്റ ഒരു മേഖലയുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിലും ഇവയിൽ നല്ലൊരു ശതമാനവും മാംസ, മത്സ്യ, മരുന്നുൽപ്പാദന മേഖലകളിൽ നിന്നാൺ എന്നതാണ് വാസ്തവം. പഴം, പച്ചക്കറി ഉല്പാദനവുമായി ബന്ധപ്പെട്ട കാർഷിക മേഖലയിൽ നിന്ന് കോൾഡ് സ്റ്റോറേജിനായി ആവശ്യക്കാർ ഏറെയുണ്ടെങ്കിലും മേൽപ്പറഞ്ഞ മേഖകൾക്കുള്ളതു പോലെ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഒരു കോൾഡ് സ്റ്റോറേജ് ശൃംഗല കർഷകർക്ക് ഇന്നും വിദൂര സ്വപ്നമാണ്. Agricultural and Processed Food Products Export Development Authority (APEDA) യുടെ കണക്കുകൾ പ്രകാരം കയറ്റുമതിയിൽ 2016 – 17 സാമ്പത്തിക വർഷത്തിൽ 14 ശതമാനം വളർച്ചയുണ്ടായിരുന്ന പഴം പച്ചക്കറി മേഖല നടപ്പു സാമ്പത്തിക വർഷം 22 ശതമാനം വളർച്ച നേടിയപ്പോഴാണ് ഈ അവസ്ഥയെന്നത് ശ്രദ്ധേയമാണ്. കാരണം, ശക്തമായ ഒരു കോൾഡ് സ്റ്റോറേജ് ശൃംഗലയുടെ അഭാവം പഴം, പച്ചക്കറി മേഖലയുടെ കയറ്റുമതി സാധ്യതകൾക്ക് വിലങ്ങുതടിയാകും എന്നതുതന്നെ.
എന്നാൽ, ആത്മവിശ്വാസം പകരുന്ന കണക്കുകളുടെ വിദൂരമായ ഇടിമുഴക്കത്തിനിടയിലും പാഴായിപ്പോകുന്ന പഴം, പച്ചക്കറികളുടെ അളവ് ആശങ്കയുടെ കറുത്ത മേഘങ്ങളാകുകയാണ്. Central Institute of Post-Harvest Engineering and Technology യുടെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്തെ 15 മുതൽ 16 ശതമാനം വരെ പഴം, പച്ചക്കറി വിളവ് പാഴായി പോകുന്നു. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ വിദൂരസ്ഥമായ കൃഷിയിടങ്ങളിലെ കർഷകർക്ക് അപ്രാപ്യമാകുന്നതാണ് ഇതിന് പ്രധാന കാരണം. ഉൽപ്പന്നങ്ങളുടെ നിലവാരം സംബന്ധിച്ച് കർശനമായ നിബന്ധനകൾ നിലനിൽക്കുന്ന കയറ്റുമതി മേഖലയെ ആശ്രയിച്ചു നിൽക്കുന്നതിനാൽ വൻ മുതൽമുടക്കും സാങ്കേതിക വിദ്യയുടെ പിൻബലവുമുള്ള കമ്പനികൾക്ക് മാത്രമേ കോൾഡ് സ്റ്റോറേജ് രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
Also Read: ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ
ഈ സാഹചര്യത്തിലാണ് ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന മികവുറ്റ ഒരു കോൾഡ് സ്റ്റോറേജ് ശൃംഗലയെന്ന പഴം, പച്ചക്കറി കർഷകരുടെ ദീർഘനാളത്തെ ആവശ്യം വീണ്ടും ശ്രദ്ധേയമാകുന്നത്. ഈ രംഗത്തെ വിദഗ്ദരുടെ നിർദേശമനുസരിച്ച് ഉല്പാദന കേന്ദ്രത്തിന്റെ 50 മുതൽ 150 കിമീ വരെ ചുറ്റളവിൽ ഒരു കോൾഡ് സ്റ്റോറേജ് സൗകര്യമെങ്കിലും ആവശ്യമാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇതൊരു വിദൂര സ്വപ്നം മാത്രം. കാലാവസ്ഥാ സവിശേഷതകൾ കാരണം ഈ ദുരവസ്ഥയുടെ പ്രധാന ഇരകൾ ഇന്ത്യയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിലെ കർഷകരാണ്. പഴം, പച്ചക്കറി കർഷകരുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടാൻ മുൻഗണനാ ക്രമത്തിലുള്ളതും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതുമായ ചെലവു കുറഞ്ഞ ഒരു കോൾഡ് സ്റ്റോറേജ് ശൃംഗല ഒഴിച്ചുകൂടാൻ കഴിയാത്തതായി മാറിയിരിക്കുന്നു.
പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചാവണം സമഗ്രമായ ഈ കോൾഡ് സ്റ്റോറേജ് നയത്തിന്റെ രൂപരേഖ തയ്യാറാക്കേണ്ടത്. ശീതീകരണ സംവിധാനമുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ അഭാവവും അതുമൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളുമാണ് പഴം, പച്ചക്കറി കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നിലവിൽ ലഭ്യമായ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്ക് താങ്ങാനാവുന്ന നിരക്കിൽ കോൾഡ് സ്റ്റോറേജ് സേവനം ലഭ്യമാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതാണ്ട് 3,500 സേവന ദാതാക്കളിൽ വെറും 8 മുതൽ 10 ശതമാനം വരെ മാത്രമാണ് ഇത്തരത്തിൽ മികച്ച സൗകര്യങ്ങൾ നൽകാൻ കഴിയുന്ന കമ്പനികളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കോൾഡ് സ്റ്റോറേജ് മേഖലയുടെ സംഘാടനമില്ലായ്മയും ചിതറിയ സ്വഭാവവും പരിഗണിക്കുമ്പോൾ, കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളിൽനിന്ന് പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറുന്നതും, ഒപ്പം സംഭരണ ശേഷി പരമാവധി വർധിപ്പിക്കുന്നതും പ്രധാനമാണ്. കർഷകരുടെ വരുമാനത്തിൽ തുരങ്കം വക്കുന്ന പോസ്റ്റ് ഹാർവസ്റ്റ് ലോസ്, വിളവെടുപ്പിനും വിൽപ്പനക്കും ഇടയിൽ സംഭവിക്കുന്ന നഷ്ടം, കുറക്കാനും ഇത് സഹായിക്കും. ഇന്ത്യയിൽ ഒരു വർഷം പാഴാക്കി കളയുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും അളവ് മൊത്തം വിളവിന്റെ 20% ത്തോളം വരുമെന്നാണ് കണക്ക്. ഇത് ഏതാണ്ട് 12,000 കോടി രൂപ വരും. വിളവെടുപ്പ്, ചരക്കുനീക്കം, പാക്കിംഗ്, ശീതീകരണം, ശേഖരണം, വിതരണം, വിൽപ്പന എന്നിങ്ങനെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന സമഗ്രമായ ഒരു കോൾഡ് സ്റ്റോറേജ് നയത്തിനു മാത്രമേ ഈ നഷ്ടത്തേയും ഭാവിയിൽ ഉണ്ടാകാനിടയുള്ള ആവശ്യങ്ങളേയും നികത്താൻ കഴിയൂ.
Also Read: ആദായത്തിന്റെ ജലസ്രോതസ്സുകൾ; സമ്മിശ്ര മത്സ്യകൃഷിയും സംയോജിത കൃഷിരീതിയും
ഇന്ത്യയുടെ കോൾഡ് സ്റ്റോറേജ് സംഭരണ ശേഷി ഏതാണ്ട് 34 മില്യൺ ടൺ വരും. ലോക പച്ചക്കറി ഉൽപ്പാദനത്തിൽ 11 ശതമാനം കൈയ്യാളുന്ന ഇന്ത്യയുടെ കയറ്റുമതി പങ്കാളിത്തം വെറും 1.7% മാത്രമാണ് എന്നതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മത്സ്യ, മാംസ, ക്ഷീര, ഫാർമ രംഗങ്ങളിലെന്ന പോലെ, ശക്തമായ കോൾഡ് സ്റ്റോറേജ് ശൃംഗല പഴം, പച്ചക്കറി ഉല്പാദന മേഖലയിലും വ്യാപകമാക്കുകയാണ് ഈ പിന്നോക്കാവസ്ഥ മറികടക്കാനുള്ള പോംവഴി. ധനമന്ത്രി അരുൺ ജയറ്റ്ലി തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഗ്രീനിന് 500 കോടി രൂപയാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ നീക്കിവച്ചത്. എന്നാൽ, ധനമന്ത്രാലയം അടിസ്ഥാന സൗകര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കോൾഡ് സ്റ്റോറേജ് മേഖലയെക്കുറിച്ചാകട്ടെ കേന്ദ്ര ബജറ്റ് കൈമലർത്തുകയും ചെയ്തു.
Food and Agriculture Organisation (FAO) ന്റെ കണക്കുകൾ പ്രകാരം ലോകത്താകെ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളുടെ മൂന്നിലൊന്ന് പാഴായിപ്പോകുന്നു. ഈ സാഹചര്യത്തിൽ 2018 ൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ കൂടാനിരിക്കുന്ന World Cold Chain Summit ന്റെ അജണ്ടയിലെ പ്രധാന വിഷയവും പാഴായി പോകുന്ന ഭക്ഷ്യവസ്തുക്കളും ലോകത്തിന്റെ വിശപ്പുമാണെന്നത് ശ്രദ്ധേയമാണ്. സുഘടിതമായ ഒരു കോൾഡ് സ്റ്റോറേജ് ശൃംഗലയുടെ സാമൂഹ്യ,സാമ്പത്തിക മാനങ്ങളെക്കുറിച്ചും, മാനവരാശിയുടെ എക്കാലത്തേയും ഒഴിയാബാധകളായ വിശപ്പ്, പട്ടിണി മരണങ്ങൾ എന്നിവയെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. ചുരുക്കത്തിൽ, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കോൾഡ് സ്റ്റോറേജ് ശൃംഗല ഉല്പ്പന്നങ്ങളുടെ ആയുസ് നിലനിർത്തുന്നതിനു പുറമേ, മനുഷ്യകുലത്തിന്റെ വിശപ്പെന്ന വെല്ലുവിളിയെ നേരിടാനും സഹായകരമാണ് എന്ന തിരിച്ചറിവിലേക്ക് നാം പതിയെ എത്തിച്ചേരുന്നു എന്ന് സാരം.
Also Read: കേന്ദ്രബജറ്റ് 2018; വീക്ഷണമില്ലായ്മയില്‍ നിന്ന് വാചാടോപത്തിലേക്ക് ഒരു ബജറ്റ് ദൂരം